പാലാ-തൊടുപുഴ റോഡിൽ അപകടങ്ങൾ പതിവാകുന്നു
പാലാ : തൊടുപുഴ-പാലാ റോഡിൽ വീണ്ടും അപകടങ്ങൾ പതിവാകുന്നു. പിഴകിലും കുറിഞ്ഞിയിലുമായി ഇന്നലെ അപകടങ്ങളിൽ 15 പേർക്ക് പരിക്കേറ്റു. കുറിഞ്ഞി ജംഗഷന് സമീപം കാറുകൾ കൂട്ടിയിടിച്ചു പാലാ രൂപതയിലെ വൈദികരായ ഇടപ്പാടി പള്ളി വികാരി ഫാ. മാത്യു മതിലകത്ത്, ഇളംതോട്ടം പള്ളി വികാരി ഫാ. തോമസ് മലയിൽ പുത്തൻപുര , ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഇളംതോട്ടം തേക്കുംകാട്ടിൽ കുഞ്ഞുമോൻ (അഗസ്റ്റിൻ), മുളയ്‌ക്കൽ ബേബി എന്നിവർക്കും തൊടുപുഴയിൽ നിന്ന് പാലായ്ക്ക് വരുകയായിരുന്ന കാറിലുണ്ടായിരുന്ന സൗദി സ്വദേശികളായ നാലുപേർക്കുമാണ് പരിക്കേറ്റത്.
വൈദികരും ഫൈസ, ഖാലിദ് എന്നിവരും തെള്ളകത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. മറ്റുള്ളവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ന് കുറിഞ്ഞി ജംഗ്ഷന് സമീപമാണ് വൈദികർ സഞ്ചരിച്ചിരുന്ന കാറും സൗദി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപ്പെട്ടത്.

