പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി നടത്തി സർക്കാർ
തിരുവനന്തപുരം ∙ പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി നടത്തി സർക്കാർ. എഡിജിപി മുതൽ എസ്പി വരെയുള്ളവരെയാണു മാറ്റിയത്. പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിൻ തച്ചങ്കരിയെ അടക്കമാണ് മാറ്റിയിരിക്കുന്നത്. തച്ചങ്കരിയെ ഫയർഫോഴ്സ് കമൻഡാന്റ് ജനറലാക്കി. അവിടെ നിന്നുള്ള ഡിജിപി എ.ഹേമചന്ദ്രനാണു ക്രൈംബ്രാഞ്ച് മേധാവി. തച്ചങ്കരിയുടെ സ്ഥാനത്തു ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയായി ഗതാഗത കമ്മിഷണർ എസ്.ആനന്ദകൃഷ്ണനെ നിയമിച്ചു. വിജിലൻസ് എഡിജിപി അനിൽകാന്താണു പുതിയ ഗതാഗതകമ്മിഷണർ.
ക്രൈംബ്രാഞ്ച് മേധാവി നിതിൻ അഗർവാളാണ് വൈദ്യുതി ബോർഡ് വിജിലൻസ് എഡിജിപി. ഇന്റലിജൻസിലും കാര്യമായ അഴിച്ചുപണിയുണ്ട്. ഇന്റേണൽ സെക്യൂരിറ്റി ഐജിയായി വിനോദ് കുമാറിനെ നിയമിച്ചു. വി.ലക്ഷ്മൺ സെക്യൂരിറ്റി ഐജിയായി തുടരും. ഇന്റലിജൻസിൽ നിന്നു ഐജി ഇ.ജയരാജനെ ക്രൈംബ്രാഞ്ചിലേക്കു മാറ്റി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവൻ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ ഹെഡ്ക്വാർട്ടേഴ്സ് ഐജിയാക്കി. ഇതിനു പുറമെ ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികളേയും കമ്മിഷണർമാരേയും വ്യാപകമായി മാറ്റിയതായി സൂചനയുണ്ട്. സിഐമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്.
പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡിഐജി പ്രകാശ് ആണു തിരുവനന്തപുരം സിറ്റിയിലെ പുതിയ കമ്മിഷണർ. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായി പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ. നായരേയും അവിടെ റൂറൽ എസ്പിയായി യതീഷ് ചന്ദ്രയേയും നിയമിച്ചു. തിരുവനന്തപുരം ഡിസിപി അരുൾ ബി. കൃഷ്ണയാണു വയനാട് എസ്പി. ആലപ്പുഴ എസ്പിയായി സുരേന്ദ്രനേയും കൊല്ലം റൂറൽ എസ്പിയായി വിജിലൻസിൽ നിന്ന് അശോകനെയും കൊച്ചി ഡിസിപിയായി കറുപ്പുസ്വാമിയേയും നിയമിച്ചു.

