കുരുമുളക് ചെടികളിൽ ഫംഗസ് ബാധ വ്യാപകമാകുന്നു
തൊടുപുഴ : കുരുമുളക് ചെടികളിൽ ഫംഗസ് ബാധ വ്യാപകമാകുന്നു. സാവധാന വാട്ടം എന്നും മഞ്ഞളിപ്പ് രോഗമെന്നും അറിയപ്പെടുന്ന ഈ രോഗത്തെ തുടർന്ന് ഹൈറേഞ്ചിലെ കുരുമുളക് ചെടികൾ വാടിക്കൊഴിഞ്ഞ് നശിക്കുകയാണ്. രോഗം ബാധിക്കുന്ന ചെടികളിൽ നിന്നുള്ള ഉൽപാദനം ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുവന്നശേഷമാണ് കൃഷി പൂർണമായി നശിക്കുന്നത്. തോട്ടത്തിലെ ഒരു ചെടിയിൽ രോഗം പിടിപെട്ടാൽ മുഴുവൻ ചെടികളിലേയ്ക്കും വ്യാപിക്കുന്ന സ്ഥിതിയുണ്ട്. നീമാവിര, കുമിൾ, മീലിമൂട്ട തുടങ്ങിയ മൂലമാണ് മഞ്ഞളിപ്പ് രോഗം ബാധിക്കുന്നത്.
മഴക്കാലത്ത് മഞ്ഞളിപ്പായി ആരംഭിക്കുന്ന രോഗബാധ അടുത്ത കാലവർഷം ആകുന്പോഴേയ്ക്കും രൂക്ഷമാകും. നീർവാർച്ചക്കുറവും ഈ രോഗത്തിന്റെ മുഖ്യ കാരണമാണ്. നീമാവിരകളാണ് കുരുകുളക് ചെടികളുടെ മുഖ്യശത്രു. ഇവ ചെടിയുടെ വേര് തുരന്ന് അവയിൽ മുട്ടയിടും. ഇത്തരത്തിൽ ക്ഷതമേൽക്കുന്ന വേരുകൾ കാലക്രമത്തിൽ കുമിൾ ബാധയേറ്റ് ചീയുകയാണ് ചെയ്യുന്നത്. കുരുമുളക് ചെടിയുടെ ഇലകളിൽ മഞ്ഞളിപ്പ് ബാധിക്കുകയും തുടർന്ന് ഇലകൾ കൊഴിഞ്ഞു വീഴുകയുമാണ് ഈ രോഗത്തിന്റെ ലക്ഷണം. മഴ ശക്തമായി ലഭിക്കുന്പോൾ രോഗം വേഗത്തിൽ വ്യാപിക്കും. ഇലകളിൽ ബാധിച്ചിരിക്കുന്ന മഞ്ഞളിപ്പ് വള്ളികളിലേയ്ക്ക് പടരും. തുടർന്ന് തിരിയും ഇലകളും കൊഴിയും.

