നടിയുടെ ബോഡി ഡബ്ബിംഗ് നടത്തിയെന്ന് പോലീസ്
കൊച്ചി : നടൻ ലാലിന്‍റെ മകനും സംവിധായകനുമായ ജീൻ പോളിനെതിരായ പരാതിയിൽ കഴന്പുണ്ടെന്ന് പോലീസ്. സിനിമയുടെ സി.ഡി പരിശോധിച്ചതിൽ നിന്നാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്. ഇത് തെളിവായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതിനാൽ ചിത്രത്തിന്റെ സെൻസർ കോപ്പി ലഭിക്കുന്നതിന് സെൻസർ ബോർഡിന് അപേക്ഷ നൽകിയതായി കേസിന്റെ അന്വേഷണച്ചുമതലയുള്ള തൃക്കാക്കര അസി. പോലീസ് കമ്മീഷണർ പി.പി ഷംസ് പറഞ്ഞു.
ഹണി ബീ 2 സിനിമാ ഷൂട്ടിംഗിന്‍റെ തുടക്കത്തിൽ നടിയെ അഭിനയിപ്പിക്കുകയും പിന്നീട് ഇവരെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഒഴിവാക്കിയശേക്ഷം നടിയുടെ കഥാപാത്രത്തിന്‍റെ ബാക്കിഭാഗം ഡ്യൂപ്പിനെ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. എ.സി.പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം, നടിയുടെ വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നടി പോലീസിന് മൊഴി നൽകിയതോടെ സംവിധായകൻ ജീൻപോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകനായ അനൂപ്, സഹസംവിധായകൻ അനിരുദ്ധ് എന്നിവരെയും അന്വേഷണ വിധേയമായി വരും ദിവസങ്ങളിൽ പോലീസ് ചോദ്യം ചെയ്യും.സിനിമയുടെ ചിത്രീകരണം നടന്ന കുന്പളത്തെ റിസോർട്ടിലും പോലീസ് പ്രാഥമികാന്വേഷണം നടത്തും.
2016 നവംബർ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിനിമ കണ്ടശേഷം ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് തന്‍റെ കഥാപാത്രത്തെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ച കാര്യം മനസിലായതെന്ന് നടി പറഞ്ഞു. തൻ്റെ ശരീരഭാഗങ്ങളെന്ന വ്യാജേന മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ ചിത്രീകരിച്ചെന്ന് മനസിലാക്കിയതിനെ തുടർന്ന് നടി സംവിധായകൻ ജീൻപോൾ ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടപ്പോൾ ഇവർ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ വഞ്ചിച്ചെന്നുമാണ് കേസ്.

