ഹർത്താൽ കാരണം ആഹാരം കിട്ടാത്തത് കൊണ്ടാവും ചെന്നിത്തല ഉപവസിക്കുന്നത് : കോടിയേരി
തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാക്കളും ഉപവസിക്കുന്നതിനെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ചെന്നിത്തല എത്തിപ്പെട്ട സ്ഥലത്ത് ഹർത്താൽ കാരണം ആഹാരം കിട്ടാത്തത് കൊണ്ടാവും നിരാഹാരം കിടക്കുന്നതെന്ന് കോടിയേരി പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരിക്കെ 27 സി.പി.എം പ്രവർത്തകരെ ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയിട്ടും ചെന്നിത്തലയ്ക്ക് ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കാൻ തോന്നിയിട്ടില്ല. ഒരു നേരം ആഹാരം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതായതിനാൽ അദ്ദേഹത്തിന് ആശംസ നേരുന്നുവെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് പറയാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു മാദ്ധ്യമ പ്രവർത്തകർ ചെന്നിത്തലയുടെ ഉപവാസത്തെ കുറിച്ച് ചോദിച്ചത്.

