തലസ്ഥാനത്തെ കൊലപാതകം : സർവകക്ഷിയോഗം വിളിക്കണമെന്ന് കാനം
തിരുവനന്തപുരം : തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അക്രമ സംഭവങ്ങൾ മുൻ നിർത്തി സർവകക്ഷിയോഗം വിളിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അക്രമമുണ്ടായാൽ ഒരു രാഷ്ട്രീയപാർട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. സംസ്ഥാനത്തെ ക്രമസമാധാനനിലയും നിയമവാഴ്ചയും തകർന്നു എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുൾപ്പെടെയുള്ളവരുടെ വിമർശനം കണ്ടാൽ കുറ്റകൃത്യം നടക്കുന്നതിന് മുൻപ് പ്രതികൾ പിടിയിലാകണമായിരുന്നു എന്ന് തോന്നിപ്പോകും. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങൾക്ക് ശക്തിപോരാ എന്ന് മുസ്‌ലീം ലീഗ് അടക്കമുളള്ളവർ വിമർശിച്ചതിന്‍റെ അടിസ്ഥാനത്തിലാകാം ചെന്നിത്തല കോഴിക്കോട് തന്നെ ഉപവാസം നടത്താൻ തീരുമാനിച്ചത്. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്ത് ഉണ്ടായ സംഭവവികാസങ്ങളൊന്നും ആരും മറന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുറ്റപ്പെടുത്തുന്നവർ എവിടെയാണ് ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതെന്നുകൂടി പറയണം. അടുത്തകാലത്ത് നടന്ന കുറ്റകൃത്യങ്ങളിലെല്ലാം ആഭ്യന്തര വകുപ്പ് മുഖം നോക്കാതെ നടപടിയെടുത്തിരുന്നുവെന്നും കാനം പറഞ്ഞു.

