ഗുജറാത്തിൽ കനത്ത മഴയിൽ നാലു മരണം


അഹമ്മദാബാദ് : ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് പെയ്ത മഴയിൽ നാലു മരണം. മഴക്കെടുതി ബാധിച്ചതിനെ തുടർന്ന് ആറായിരത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കനത്ത മഴ പെയ്ത അർമേലി, രാജ്കോട്ട് ജില്ലകളിലാണ് രണ്ടു മരണം റിപ്പോർട്ട് ചെയ്തത്. സബർകാന്ത് ജില്ലയിൽ കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വർഷകാലത്ത് മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് 61 പേർ മരിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് സൈന്യവും വ്യോമസേനയും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പെടെ 35 പേരെ സൈന്യം രക്ഷപ്പെടുത്തി. പ്രളയം ബാധിച്ച മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൈന്യത്തിന്റെ മെഡിക്കൽ സംഘവും എൻജിനിയറിങ് വിഭാഗവും രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്ന വ്യോമസേനയുടെ എംഐ–17വി5 ഹെലികോപ്റ്ററുകൾ 11 പേരെ വ്യോമമാർഗം രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.

അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലും മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നിറഞ്ഞുതുടങ്ങിയ അണക്കെട്ടുകളും തുറന്നുവിടുമെന്നാണ് റിപ്പോർട്ട്. രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 95 റോഡുകൾ തകർന്നതിനെ തുടർന്ന് അടച്ചിട്ടു. 294 ജില്ലകളിലെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. ശനിയാഴ്ച രാവിലെ 8.30നും വൈകിട്ട് 5.30നും ഇടയിൽ അഹമ്മദാബാദിൽ 86 എംഎം മഴയാണ് ലഭിച്ചത്. ദീസ (76 എംഎം), ഗാന്ധിനഗർ (71 എംഎം) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴ. ഞായറാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed