നഴ്സുമാരുടെ സമരം നേരിടാൻ കര്‍ശന നടപടി : നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ വിന്യസിക്കും
കണ്ണൂർ : കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാൻ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ നഴ്സിങ് കോളജുകളിലെ വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. എട്ട് നഴ്സിങ് കോളജുകളിലെ വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിൽ വിന്യസിക്കും. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാര്‍ഥിക്ക് ദിവസവും നൂറ്റിയമ്പത് രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
തിങ്കളാഴ്ച മുതലാണ് ഉത്തരവ് നടപ്പിലാക്കേണ്ടത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സമരം മാറ്റിവച്ചെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരത്തിൽ ഉറച്ച് നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരം മാറ്റിവച്ചത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ഇരുപത്തിയൊന്ന് സ്വകാര്യ ആശുപത്രികളിലാണ് സമരം നടക്കുന്നത്. സമരം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

