വേഗത ലഹരിയാക്കരുത്, ജീവനാണ് വലുത്; 'ജീവ-സുയാത്ര' ചടങ്ങിൽ റോഡ് സുരക്ഷാ സന്ദേശവുമായി മനസ്സ് തുറന്ന് മമ്മൂട്ടി
ഷീബ വിജയൻ
സംസ്ഥാന സർക്കാരിന്റെ 'ജീവ-സുയാത്ര മിഷൻ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ റോഡ് സുരക്ഷയെക്കുറിച്ച് ശക്തമായ ഓർമ്മപ്പെടുത്തലുമായി നടൻ മമ്മൂട്ടി രംഗത്തെത്തി. തനിക്ക് സ്പീഡ് ഇഷ്ടമാണെങ്കിലും ഡ്രൈവിംഗിൽ അതീവ ശ്രദ്ധയും ഉത്തരവാദിത്വവും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡപകടങ്ങളിൽ 99 ശതമാനവും മനുഷ്യരുടെ അശ്രദ്ധ കൊണ്ടുമാത്രമാണ് ഉണ്ടാകുന്നതെന്നും, വാഹനങ്ങളുടെ തകരാറുകൾ ഒരു ശതമാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡിലൂടെ നടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നവരുടെ അശ്രദ്ധയും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റേസിംഗും സ്പീഡ് പരീക്ഷണങ്ങളും നടക്കാനുള്ളത് റോഡുകളിലല്ല, മറിച്ച് അതിനായി പ്രത്യേക റേസ് ട്രാക്കുകൾ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നും, വീട്ടിൽ തങ്ങളെയും കാത്ത് ആളുകളുണ്ടെന്ന ചിന്തയോടെ വാഹനമോടിക്കണമെന്നും മമ്മൂട്ടി ആഹ്വാനം ചെയ്തു. കുട്ടികൾക്ക് സിവിക് സെൻസ് പഠിപ്പിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
kmnjkjkljkl


