വിമാനമിറങ്ങിയതും കൈവിലങ്ങ് വീണു; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ വിദേശത്തുവെച്ച് ക്രൂരമായി മർദിച്ച ഭർത്താവ് തിരുവനന്തപുരത്ത് പിടിയിൽ


ഷീബ വിജയൻ

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ വിദേശത്തുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായി. കൊല്ലം നീണ്ടകര പുത്തൻതുറ സ്വദേശിയായ അഞ്ജുവിന്റെ പരാതിയിൽ ചവറ സ്വദേശിയായ നന്ദു ഗണേഷിനെ (30) ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സൗദിയിലായിരുന്ന ഇയാൾക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്നതിനായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ മാസം ആദ്യമാണ് അഞ്ജു പൊലീസിൽ പരാതി നൽകിയത്. ജൂൺ 27-നായിരുന്നു ഇവരുടെ വിവാഹം. ആഴ്ചകൾക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിയിൽ വ്യക്തമാക്കുന്നു.

വിദേശത്തേക്ക് കൊണ്ടുപോയ ശേഷവും ക്രൂരമായ ശാരീരിക പീഡനം തുടരുകയായിരുന്നു. പ്രഷർ കുക്കറും മൊബൈൽ ചാർജറും ഉപയോഗിച്ച് മർദിച്ചതായും, നിരന്തരം ഉപദ്രവിച്ചതായും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മർദനം സഹിക്കവയ്യാതായതോടെ സെപ്റ്റംബർ 30-ന് നാട്ടിലെത്തിയ അഞ്ജു പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതി വിദേശത്തായതിനാൽ നാട്ടിലെത്തിയാലുടൻ പിടികൂടുന്നതിനായി വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത നന്ദുവിനെ കൊല്ലം പൊലീസിന് കൈമാറി.

article-image

fgfgfgffsd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed