വിജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും പൈതൃകം; ദ ഏഷ്യൻ സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ദ ഏഷ്യൻ സ്കൂൾ തങ്ങളുടെ വാർഷിക സ്ഥാപക ദിനവും, അന്തരിച്ച സ്ഥാപകൻ ജോസഫ് തോമസിന്റെ 80-ാം ജന്മവാർഷികവും വിപുലമായി ആഘോഷിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 31-ന് സി.ബി.എസ്.ഇ സ്കൂളുകൾക്കായി അന്തർ-വിദ്യാലയ സാഹിത്യ മത്സരങ്ങളും സമ്മാനദാന ചടങ്ങും സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയോടും അതിന്റെ അധ്യാപനത്തോടും ജോസഫ് തോമസിനുണ്ടായിരുന്ന ആദരവിന്റെ ഭാഗമായാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നത്. 'വേർഡ്സ് വിത്ത് വിങ്സ്', 'സ്പീക്ക് ടു ലീഡ്', 'സൊലിലോക്വി', 'ഓഫ് ദി കഫ്' എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ബഹ്‌റൈനിലെ എട്ട് സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി ജോസഫ് തോമസ് മെമ്മോറിയൽ എവർ-റോളിംഗ് ട്രോഫി സ്വന്തമാക്കി.
സ്കൂൾ വിദ്യാർത്ഥി കൗൺസിലിന്റെ കീഴിലുള്ള 'എ.എസ്.ബി കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന്റെ' ഭാഗമായി ഒക്ടോബർ 23-ന് 'ലിറ്റിൽ ഫെയർ, ബിഗ് കോസ്' എന്ന പേരിൽ ജീവകാരുണ്യ മിനി മേളയും സംഘടിപ്പിച്ചു. അർബുദ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന ബഹ്‌റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്തിന്റെ 'സ്മൈൽ ഇനിഷ്യേറ്റീവിനായി' ഫണ്ട് സ്വരൂപിക്കുന്നതിനാണ് ഈ മേള സംഘടിപ്പിച്ചത്. ഗെയിമുകൾ, ഫുഡ് സ്റ്റാളുകൾ, ബുക്ക് ഫെയർ എന്നിവ മേളയ്ക്ക് കൂടുതൽ നിറപ്പകിട്ടേകി. ചടങ്ങിൽ സമാഹരിച്ച 850 ബഹ്‌റൈൻ ദീനാർ ഫണ്ട് ഔദ്യോഗികമായി കൈമാറി. സ്മൈൽ ഇനിഷ്യേറ്റീവ് ബോർഡ് അംഗങ്ങളായ നുഐമ താഹിരി, റാണ ഹമാദ, ഔട്ട്റീച്ച് ആൻഡ് പാർട്ണർഷിപ്പ് ഇൻ-ചാർജ് സൽമ അൽ കരീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രസംഗങ്ങൾ, കവിതകൾ, പോർട്രെയ്റ്റ് പ്രസന്റേഷൻ, സ്കൂൾ ഓർക്കസ്ട്രയായ 'എ.എസ്.ബി സിംഫണിയുടെ' സംഗീതവിരുന്ന് എന്നിവ സ്ഥാപക ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥി നേതാക്കളുടെ നന്ദിപ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.
hhh
asdsdsadsa
asadsdsaads

