ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം അത്യന്തം ഗൗരവതരം; സമഗ്ര അന്വേഷണത്തിന് നിർദേശം നല്കി മുഖ്യമന്ത്രി


ഷീബ വിജയൻ 

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് റിട്ട. സി.എന്‍. രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ ഉള്ളത്. നിലവില്‍ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് പ്രത്യേക അന്വേഷണം. കൂടാതെ, ജയിൽ സുരക്ഷ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു. ജയിലിനുള്ളിൽ ഇന്‍റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്‍റലിജന്‍റ് സിസിടിവി നാലു പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും, അടുത്ത മൂന്നു മാസത്തിനകം പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിംഗ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കും. ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കുമെന്നും യോഗം തീരുമാനിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്‍റലിജന്‍സ് അഡീഷണല്‍ ഡിജിപി പി. വിജയന്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

article-image

acdsasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed