കോഹിനൂർ രത്നം തിരികെയെത്തിക്കാൻ ഇന്ത്യ നിയമ നടപടിക്കൊരുങ്ങുന്നു

ലണ്ടൻ: ബ്രിട്ടന്റെ കൈവശമുള്ള കോഹിനൂർ രത്നം തിരികെ ലഭിക്കാൻ ഇന്ത്യ നിയമ നടപടികൾ സ്വീകരിക്കും. 'മൗണ്ടൻ ഓഫ് ലൈറ്റ്' എന്ന പേരിൽ ബോളിവുഡ് താരങ്ങളും വ്യവസായികളും അടങ്ങുന്ന സംഘമാണ് രത്നം രാജ്യതെത്തിക്കാൻ ശ്രമം നടത്തുന്നത്. ബോളിവുഡ് നടി ഭൂമിക സിങും ഇന്ത്യൻ ലക്ഷ്വർ ഗ്രൂപ്പായ ടിറ്റോസിന്റെ സഹസ്ഥാപകനായ ഡേവിഡ് ഡിസൂസയുമാണ് സംഘത്തിലെ പ്രമുഖർ.
രത്നം തിരികെ ലഭിക്കുന്നതിനായി എലിസബത്ത് രാജ്ഞിക്കെതിരെയും സംഘം നിയമ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇംഗ്ലണ്ട് ഹൈക്കോടതിയിൽ നിയമ നടപടിക്ക് പോകാന്‍ സംഘത്തിന് ബ്രിട്ടീഷ് അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്.
105 ക്യാരറ്റുള്ള രത്നം ബ്രിട്ടീഷ് ഭരണ കാലത്ത് 1850 ൽ വിക്ടോറിയ രാജ്ഞിക്ക് കിരീടത്തിൽ ധരിക്കാൻ സമ്മാനിക്കുകയായിരുന്നു.150 മില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം. ഇപ്പോൾ ലണ്ടൻ ടവറിൽ സൂക്ഷിച്ചിട്ടുള്ള രത്നത്തിന്റെ പേര് മൗണ്ടൻ ഓഫ് ലൈറ്റെന്നാണ്. ഗിഫ്റ്റ് ഓഫ് ഇന്ത്യ എന്ന ബോർഡും വച്ചിട്ടുണ്ട്.
കോഹിനൂർ ഇന്ത്യയിലെത്തിക്കാൻ നിയമനടപടിക്കൊരുങ്ങുന്നത് ഇത് ആദ്യമാണ്. നവംബറിൽ മോദി ബ്രിട്ടൻ സന്ദർശിക്കുമ്പോൾ കോഹിനൂർ ഇന്ത്യക്ക് തിരികെ നല്‍കണമെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.