ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു

ശാരിക
ലണ്ടൻ l അഞ്ചുവർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലെത്തിക്കുക ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദര്‍ശനവേളയിലാണു കരാർ യാഥാർഥ്യമായത്. മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടീഷ് വാണിജ്യമന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.
2030ഓടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.36 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കർഷകർക്കായിരിക്കും കരാർ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. ഇന്ത്യയില്‍നിന്നുള്ള കാര്‍ഷികോത്പന്നങ്ങളും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും തീരുവയില്ലാതെ ബ്രിട്ടീഷ് മാര്‍ക്കറ്റുകളില്‍ വിപണനം നടത്താനുള്ള അവസരമാണ് കരാർ ഒരുക്കുന്നത്. യുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കി, കാറുകള്‍ എന്നിവ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും രാജ്യത്തിനു പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തുന്നത്.
കരാർ ഒപ്പുവച്ചത് ചരിത്രപരമായ ദിവസമാണെന്നും ഏറെനാളത്തെ പ്രയത്‌നത്തിന്‍റെ ഫലമാണിതെന്നും പ്രധാനന്ത്രി മോദി പ്രതികരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം യുകെ നല്‍കിയ പിന്തുണയെ അഭിനന്ദിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും പറഞ്ഞു.
തീരുവ എടുത്തു കളഞ്ഞവയിൽ കേരളത്തിൽ സുലഭമായ മഞ്ഞള്‍, കുരുമുളക്, ഏലക്ക എന്നിവയും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളായ മാങ്ങ പള്‍പ്പ്, അച്ചാര്‍, ധാന്യങ്ങള്‍ എന്നിവയും ഉണ്ട്. കേരളത്തിന്‍റെ കള്ളും ഗോവയുടെ ഫെനിയും കരാറിലൂടെ ബ്രീട്ടീഷ് വിപണിയിലെത്തും. കേരളം ഉൾപ്പെടെ തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യബന്ധനമേഖലയും കരാറിനെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.
കൊഞ്ച്, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ക്കും മത്സ്യ ഉത്പന്നങ്ങള്‍ക്കും ബ്രിട്ടനിലെ വിപണിയിൽ 8.5 ശതമാനം വരെ തീരുവ ഈടാക്കിയത് കരാറിലൂടെ ഇല്ലാതായി. തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കും കരാർ അനുകൂലമാണ്.
യുകെയിൽനിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, ശീതളപാനീയങ്ങള്‍, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍, ചോക്ലേറ്റ്, ബിസ്‌കറ്റ്, കാറുകള്‍ എന്നിവ ഇന്ത്യയില്‍ വിലക്കുറവില്‍ ലഭിക്കും. കരാര്‍ പ്രാവര്‍ത്തികമായാല്‍ വിസ്‌കി ഉള്‍പ്പെടെ ഇന്ത്യയിലേക്കു കൂടുതലായി കയറ്റിയയക്കാന്‍ യുകെയ്ക്കും അവസരമൊരുങ്ങും. വിസ്‌കിയുടെ ഇറക്കുമതി തീരുവ 150ല്‍നിന്ന് 75 ശതമാനമായി കുറച്ചതോടെയാണിത്. പത്തുവര്‍ഷംകൊണ്ട് തീരുവ 40 ശതമാനത്തിലേക്ക് എത്തിക്കാനും കരാറില്‍ നിര്‍ദേശിക്കുന്നു.
ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നുമാണു വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നത്. അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കണമെന്നാണ് കരാറിലെ നിർദേശം. ക്വാട്ട സംവിധാനത്തിലൂടെയാകും ഇത്.
ഇതോടൊപ്പം ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയിലും പ്രവേശനം ലഭിക്കും. ഇതും ഒരു ക്വാട്ട സംവിധാനത്തിലൂടെയായിരിക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുകെ സന്ദര്‍ശിക്കുന്നവര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കുന്നവര്‍ക്കും യോഗ പരിശീലകര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്കും യുകെയില്‍ താത്കാലികമായി താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. യുകെയില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്നു വര്‍ഷത്തേക്ക് സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കാനും കരാറിൽ ധാരണയായി.
xxb