‘ഹാർട്ട് ഓഫ് ഏഷ്യ’ കോൺഫറൻസ്: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ക്ഷണം

ഇസ്്ലാമാബാദ്: അഫ്ഗാൻ പ്രശ്നം ചർച്ച ചെയ്യുന്നതിനു പാകിസ്ഥാന്റെ ആതിഥ്യത്തിൽ നടത്തുന്ന ‘ഹാർട്ട് ഓഫ് ഏഷ്യ’ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ഇന്ത്യയെ ക്ഷണിച്ചു. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാന്റെ സന്പദ്്വ്യവസ്ഥ പുനരുദ്ധരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചു സമ്മേളനം ചർച്ച നടത്തും.
ഡിസംബർ ഏഴ്, എട്ട് തീയതികളിൽ നടത്തുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പാകിസ്ഥാൻ ക്ഷണക്കത്ത് അയച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം സമ്മേളനത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പങ്കെടുത്തേക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ പറഞ്ഞു. അസർബൈജാൻ, ചൈന, ഇറാൻ, തുർക്കി, റഷ്യ, സൗദി അറേബ്യ തുടങ്ങി 25രാജ്യങ്ങളുടെ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.