‘ജനിച്ചത് രണ്ടും പെണ്‍കുട്ടികള്‍, ആണ്‍കുഞ്ഞില്ല’; ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു


ആണ്‍കുഞ്ഞ് ജനിക്കാത്തതിന് ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങളെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 30കാരി മന്‍ദീപ് കൗര്‍ ആണ് ഭര്‍ത്താവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തത്. ന്യൂയോര്‍ക്കില്‍ താമസിച്ചുവരികയായിരുന്നു ദമ്പതികള്‍.

2015 ഫെബ്രുവരി 1നാണ് മന്‍ദീപ് കൗര്‍ വിവാഹിതയായത്. ആറും നാലും വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ആണ്‍കുട്ടി ജനിക്കാത്തതിലുള്ള ദേഷ്യത്തില്‍ ഭര്‍ത്താവ് രണ്‍ജോദ്ബീര്‍ സിങ് സിദ്ദു മന്‍ദീപിനെ ദിവസേന മര്‍ദിക്കുമായിരുന്നെന്ന് സഹോദരി പൊലീസിനോട് പറഞ്ഞു. സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിക്ക് വധശിക്ഷ കിട്ടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

 

പെണ്‍മക്കളെ വളര്‍ത്തണമെങ്കില്‍ 50 ലക്ഷം രൂപ വേണമെന്ന് ഭര്‍ത്താവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെന്ന് മരിച്ച യുവതിയുടെ കുടുംബം പറയുന്നു. ഭര്‍ത്താവും അവരുടെ വീട്ടുകാരുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് പറയുന്ന വിഡിയോ ആണ് മന്‍ദീപ് കൗര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

 

‘അവര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. എട്ട് വര്‍ഷമായി തന്നെ മര്‍ദിക്കുകയാണ്. എല്ലാം ശരിയാകുമെന്ന് കരുതി..അതിനായി പരമാവധി ശ്രമിച്ചു ഞാന്‍. ന്യൂയോര്‍ക്കിലേക്ക് മാറിയിട്ടും ശരിയായില്ല. മദ്യപിച്ച് വന്നും രാത്രി മര്‍ദിക്കാറുണ്ട്. ഇനിയിത് സഹിക്കാനാകില്ല.’. വിഡിയോയില്‍ യുവതി പറഞ്ഞു.

You might also like

  • Straight Forward

Most Viewed