ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പൊലീസ് ആക്രമണം; നിരവധി പേർക്ക് പരിക്ക്

ജറുസലേമിൽ അൽ അഖ്‌സ പള്ളിയിൽ ഇസ്രായേലിയൻ പൊലീസ് നടത്തിയ ആക്രമണത്തിൽ നൂറ്റി അമ്പതോളം വരുന്ന പലസ്തീനികൾക്ക് പരിക്ക്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് പൊലീസ് ആക്രമണമുണ്ടായത്. ആയിരങ്ങളാണ് പ്രഭാത പ്രാർത്ഥനക്കായി പള്ളിയിൽ എത്തിയത്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്റ് എമർജന്‍സി സർവീസ് പറഞ്ഞു.റബ്ബർ ബുള്ളറ്റ് കൊണ്ട് പൊലീസ് ഒരാളുടെ കണ്ണിനു നേരെ വെടിയുതിർത്തെന്നും സംഭവ സ്ഥലത്തേക്ക് വന്ന ആംബുലൻസുകൾ പൊലീസ് തടഞ്ഞെന്നും റെഡ് ക്രസന്റ് എമർജന്‍സി സർവീസ് പറഞ്ഞു.
മുന്നൂറോളം പലസ്തീനികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥന നടന്നുകൊണ്ടിരിക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പൊലീസ് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച മുതൽ നടന്നു വരുന്ന സംഘർഷത്തിൽ നിരവധി പാലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് പലസ്തീൻ സംഘടനകൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം പതിനൊന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ 260 പലസ്തീനികൾക്കും 13 ഇസ്രായേലിയർക്കും ജീവൻ നഷ്ടമായിരുന്നു.