കെഎസ്ആർടിസി പ്രതിസന്ധി: മെയ് ആറിന് സൂചനാ പണിമുടക്ക്

കെഎസ്ആർടിസി പ്രതിസന്ധിയിൽ മെയ് ആറിന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കോൺഗ്രസ് അനുകൂല സംഘടന. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ടിഡിഎഫ്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരവും നടത്തും. സമരം ശക്താക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആർടിസി ഇടതുപക്ഷ തൊഴിലാളി സംഘടനയും രംഗത്തെത്തി. വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം തുടരുകയണ്. അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം. എഐടിയുസി ഇന്ന് നേതൃയോഗം ചേർന്ന് തുടർസമര പരിപടികൾ തീരുമാനിക്കും.
വിഷുവിന് മുന്‍പ് ശമ്പളം നൽകിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരണം ഉൾപ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സിഐടിയു എഐടിയുസി സംഘടനകൾ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും. ശമ്പള പ്രതിസന്ധി മറികടക്കാൻ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആർടിസിയുടെ അകൗണ്ടിൽ എത്തിയിട്ടില്ല. ഇന്ന് ബാങ്ക് അവധിയായതിനാൽ അതിനിയും വൈകും.