ഡെപ്യൂട്ടി സ്പീക്കറുടെ നടപടി തെറ്റ്; അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാത്തതിൽ പാകിസ്താൻ സുപ്രീം കോടതി

പാകിസ്താനിൽ ഇമ്രാൻഖാൻ സർക്കാരിനെതിരായ അവിശ്വാസ വോട്ടെടുപ്പിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി തെറ്റായിരുന്നെന്ന് സുപ്രീം കോടതി. പാകിസ്താൻ ചീഫ് ജസ്റ്റിസ് ഉമർ അത ബന്ദിയാലാണ് കേസിലെ ഹർജി പരിഗണിക്കവെ പരാമർശം നടത്തിയത്. കേസിൽ വാദം തുടരുകയാണ്. വിഷയത്തെ ദേശീയ താൽപര്യം മുൻനിർത്തി പരിഗണിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ അസംബ്ലി ഇനി പുനഃസ്ഥാപിച്ചാലും രാജ്യത്ത് സ്ഥിരതയുണ്ടാവില്ലെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അവിശ്വാസ വോട്ടെടുപ്പിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയും പിന്നാലെ ഇമ്രാൻ ഖാന്റെ നിർദ്ദേശ പ്രകാരം പ്രസിഡന്റ് ദേശീയ അസംബ്ലി പിരിച്ചു വിട്ട നടപടിയുടെയും നിയമ സാധുത പരിശോധിക്കാൻ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു അഞ്ചംഗ സുപ്രീം കോടതി ബെഞ്ച്. ഇന്ന് കേസിൽ വിധി വരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് അവിശ്വാസ വോട്ടെടുപ്പിന് കാരണമെന്ന് പറഞ്ഞാണ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി കഴിഞ്ഞ ദിവസം വോട്ടെടുപ്പ് അനുമതി തടഞ്ഞത്. സഖ്യ കക്ഷികൾ കൂറുമാറിയതോടെ ഇമ്രാന്‍ ഖാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തു പോവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ നടപടി. 342 അംഗങ്ങളുള്ള പാകിസ്താന്‍ നാഷണൽ അസംബ്ലിയിൽ 172 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ഭരണത്തിലുള്ള ഇമ്രാന്റെ പിടിഐ സഖ്യം 179 അംഗങ്ങളുടെ പിന്തുണയോടെയാണ് അധികാരത്തിലിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എംക്യുഎം−പി കൂറുമാറിയതോടെ പിടിഐയുടെ അംഗസംഖ്യ 164 ആയി ചുരുങ്ങി. പ്രതിപക്ഷ സഖ്യത്തിനാവട്ടെ അവിശ്വാസ പ്രമേയത്തിന് 177 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു.