യുക്രെയ്ൻ യുദ്ധത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ
യുക്രെയ്ൻ യുദ്ധത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കൻ യുക്രെയ്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നിന്‍റെ സൈനികശേഷി കാര്യമായി കുറയ്ക്കാനായി. യുക്രെയ്ൻ വ്യോമസേനയെ തകർത്തുവെന്നും നാവികസേനയെ ഇല്ലാതാക്കിയെന്നും റഷ്യൻ സൈന്യം വ്യക്തമാക്കി. ഡോൺബാസ് മേഖലയുടെ വിമോചനത്തിനായി കേന്ദ്രീകരിക്കുന്നമെന്നും സൈന്യം അറിയിച്ചു. ഡോൺബാസിന്‍റെ 54 ശതമാനം പ്രദേശവും ഇപ്പോൾ റഷ്യൻ പിന്തുണയുള്ള യുക്രെയ്ൻ വിമതരുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. സാധാരണക്കാർക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ വ്യക്തമാക്കി. അതേസമയം റഷ്യൻ സേനയ്ക്ക് ശക്തമായ തിരിച്ചടി നൽകാനായെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി അവകാശപ്പെട്ടു.

