കേരളത്തിൽ ഇന്ന് മുതൽ നാല് ദിവസം ബാങ്ക് അവധി: ഇന്നും നാളെയും സഹകരണ ബാങ്കുകൾ പ്രവർത്തിക്കും
സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുന്നത്. ഈ മാസത്തെ നാലാം ശനിയാഴ്ചയായ ഇന്നും ഞായറും കഴിഞ്ഞ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്. മാർച്ച് 30,31 ദിവസങ്ങൾ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും സാമ്പത്തിക വർഷാന്ത്യത്തിന്‍റെ തിരക്കിലായിരിക്കും. ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളിൽ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്.
അതേസമയം, സഹകരണ ബാങ്കുകൾക്ക് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കും. സഹകരണ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ന് പൂർണമായും ഞായറാഴ്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദേശീയ പണിമുടക്കിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.

