യുക്രൈന് മരുന്നുകൾ എത്തിച്ചു നൽകാനൊരുങ്ങി ഇന്ത്യ


റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈൻ ജനതയ്ക്ക് മരുന്നുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ഇന്ത്യ എത്തിച്ചു നൽകും. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നൽകുവാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ത്യ മരുന്നുകളും അവശ്യ വസ്തുക്കളും യുക്രൈന് എത്തിച്ചു നൽകുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. 

അതേസമയം കഴിഞ്ഞ ദിവസം ബെലാറൂസിൽ നടന്ന റഷ്യ−യുക്രൈൻ പ്രതിനിധികളുടെ ആദ്യ ഘട്ട ചർച്ച അവസാനിച്ചു. അഞ്ചര മണിക്കൂറോളമാണ് ഇന്നത്തെ ചർച്ച നടന്നത്. സമാധാന ചർച്ചകൾ ഇനിയും തുടരാനാണ് ധാരണയായതെന്ന് അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം റൗണ്ട് ചർച്ച അടുത്തദിവസങ്ങളിൽ നടക്കുമെന്നാണ് സൂചനകൾ. ഈ ചർച്ച പോളണ്ട്− ബെലാറൂസ് അതിർത്തിയിൽ വച്ചായിരിക്കുമെന്ന് റഷ്യൻ പ്രതിനിധികൾ പറഞ്ഞതായാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ യുക്രൈൻ ആയുധം താഴെ വെക്കണമെന്നും ക്രിമിയയിൽ റഷ്യയുടെ പരമാധികാരം അംഗീകരിക്കണം എന്നുമാണ് ഫ്രഞ്ച് പ്രസിഡന്റിന് മുന്നിൽ വ്ലാഡിമർ പുടിൻ വെച്ചിരിക്കുന്ന നിബന്ധനകൾ. അതേസമയം യൂറോപ്യൻ യൂണിയൻ അംഗത്വത്തിനു വേണ്ടിയുള്ള അപേക്ഷയിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി ഒപ്പുവെച്ചു.  − സമാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പോരാട്ടം നിർത്തണമെന്നാണ് യുഎൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക സെഷനിൽ റഷ്യയുടെയും യുക്രൈന്റെയും അംബാസഡർമാർ തമ്മിൽ രൂക്ഷമായ ആരോപണ−പ്രത്യാരോപണങ്ങൾ നടന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് അപൂർവ്വമായി മാത്രം കൂടിച്ചേരാറുളള അടിയന്തര യോഗം വിളിച്ചു കൂട്ടിയത്. യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയമാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. റഷ്യൻ സൈന്യം ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രൈനികളെ സംരക്ഷിക്കണമെന്നും യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed