ഫ്രഞ്ച് പ്രസിഡന്‍റിന് നേരെ മുട്ടയേറ്

ലിയോൺ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് നേരെ ഭക്ഷ്യ പരിപാടിക്കിടെ മുട്ടയേറ്. ലിയോണിൽ വച്ചു നടന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ ഫ്രഞ്ച് പ്രസിദ്ധീകരണമായ ലിയോണ്‍ മാഗ് ട്വിറ്ററിൽ പങ്കുവച്ചു. മാക്രോണിന് നേരെ മുട്ടയെറിഞ്ഞയാളെ കസ്റ്റഡിയിലെടുത്തുവെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിപ്ലവം വിജയിക്കട്ടെ എന്ന മുദ്രാവാക്യം വിളച്ചയാളാണ് ആൾക്കൂട്ടത്തിൽ നിന്നും മുട്ടയെറിഞ്ഞത്. അതേസമയം, ഒരാൾ മുട്ട എറിയുന്നതായി കണ്ടു. അയാൾ മുദ്രാവാക്യം ഒന്നും വിളിച്ചതായി കേട്ടില്ലായെന്നും സംഭവത്തിന് പിന്നിലെ പ്രേരണ വ്യക്തമല്ലെന്നും സംഭവം അതിരുകടന്നതായിരുന്നുവെന്നും മാക്രോണിന്‍റെ വക്താവ് പ്രതികരിച്ചു.
2017ലും മാക്രോണിന് നേരെ മുട്ടയേറ് നടന്നിരുന്നു. കൂടാതെ ഏതാനും മാസങ്ങൾക്ക് മുൻപ് ദക്ഷിണ ഫ്രാൻസിൽ നടന്ന പരിപാടിക്കിടെ ഹസ്തദാനം നൽകിയ മാക്രോണിന്‍റെ മുഖത്ത് യുവാവ് അടിച്ചിരുന്നു. മാക്രോണിസം തുലയട്ടെ എന്ന് വിളിച്ചു പറഞ്ഞാണ് യുവാവ് കയ്യേറ്റം ചെയ്തത്.