ക്യാമറാമാനെ രക്ഷിക്കുന്നതിനിടെ റഷ്യൻ മന്ത്രി മരിച്ചു


മോസ്കോ: റഷ്യയിലെ നോറിൽസ്ക് പട്ടണത്തിൽ അപകടത്തിൽപ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവിൽനിന്ന് വീണ് മന്ത്രിക്ക് ദാരുണാന്ത്യം. അത്യാഹിതവകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് (55) ആണ് മരിച്ചത്. ആർട്ടിക് പ്രദേശത്ത് നടന്ന പരിപാടിക്കിടയിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത്യാഹിതവകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ മലഞ്ചെരുവിന്റെ അരികിൽ നിൽക്കുകയായിരുന്നു സിനിചെവും ക്യാമറാമാനും. പെട്ടെന്ന് ക്യാമറാമാൻ കാൽവഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടയുള്ളവർക്ക് മനസ്സിലാകുന്നതിന് മുന്പ് തന്നെ സിനിചെവ് ക്യാമറാമാനെ രക്ഷിക്കാനായി എടുത്ത് ചാടി. ചാട്ടത്തിനടയിൽ യെവ്ഗെനി പാറയിൽ ഇടിച്ച് മരിക്കുകയായിരുന്നു.

സോവിയറ്റ് യൂണിയന്റെ അവസാന വർഷങ്ങളിൽ കെജിബി സുരക്ഷാ സർവീസിൽ അംഗമായിരുന്നു സിനിചേവ്. 2006നും 2015നും ഇടയിൽ പുടിന്റെ സുരക്ഷാ വിഭാഗത്തിലും സേവനം അനുഷ്ടിച്ചിരുന്നു. നിരവധി ഉന്നത സ്ഥാനങ്ങളുംഅദ്ദേഹം വഹിച്ചിട്ടുണ്ട്. കാലിനിൻഗ്രാഡിന്റെ ആക്ടിംഗ് ഗവർണറായും ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ (എഫ്എസ്ബി) ഡെപ്യൂട്ടി ഹെഡ്ഡായും സേവനമനുഷ്ഠിച്ചിരുന്നു.

2018 മെയ് മാസത്തിലാണ് അദ്ദേഹം അത്യാഹിത മന്ത്രാലയത്തിന്റെ തലവനായി നിയമിതനായത്. റഷ്യയുടെ സുരക്ഷാ കൗൺസിൽ അംഗമായിരുന്നു യെവ്ഗെനി സിനിചെവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed