ശക്തമായ ഭൂചലനം: ഹെയ്തിയിൽ മരിച്ചവരുടെ എണ്ണം 304 ആയി
പോർട്ടോ പ്രിൻസ്: ഹെയ്തിയുടെ പടിഞ്ഞാറൻ തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 304 ആയി. 1,800ൽ അധികം പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതാവുകയും ചെയ്തു. റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. മൂന്നു മീറ്റർ വരെ ഉയരമുള്ള സുനാമി ഉണ്ടാകാമെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് പിൻലവിച്ചു. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിനു 150 കിലോമീറ്റർ പടിഞ്ഞാറ് പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
ഭവനങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. കരീബിയൻ മേഖലയിലെ മറ്റു രാജ്യങ്ങളിലും ചലനമുണ്ടായി. വ്യാപകമായ നാശനഷ്ടമുണ്ടായതായി പറഞ്ഞ പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുള്ളവരെ പുറത്തെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെയ്തിയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

