കാബൂളൊഴികെ എല്ലാം താലിബാന്റെ അധീനതയിൽ
കാബൂൾ: അതിവേഗം മുന്നേറുന്ന താലിബാൻ ഭീകരർ സർക്കാർ നിയന്ത്രണത്തിലുള്ള കിഴക്കൻ നഗരമായ ജലാലാബാദും പിടിച്ചെടുത്തു. നൻഗർഹർ പ്രവിശ്യയുടെ തലസ്ഥാനമാണ് ജലാലാബാദ്. ഞായറാഴ്ച പുലർച്ചെയാണ് ജലാലാബാദ് ഭീകരർക്കു മുന്നിൽ വീണത്. വലിയ ചെറുത്തുനിൽപ്പ് ഇല്ലാതെ തന്നെയാണ് നഗരം ഭീകരർക്ക് വഴങ്ങിയത്. രാജ്യതലസ്ഥാനമായ കാബൂൾ മാത്രമാണ് നിലവിൽ അഫ്ഗാൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പ്രധാന നഗരം.
അഫ്ഗാനിസ്ഥാന്‍റെ പകുതിയും അതിവേഗം പിടിച്ചെടുത്ത താലിബാൻ കാബൂളിന്‍റെ പടിവാതിൽക്കലാണ്. 2014ൽ 356,000ലേറെ ജനസംഖ്യയുള്ള നഗരമായിരുന്നു ജലാലാബാദ്. ഇവിടെ നിന്ന് 65 കിലോമീറ്റർ അകലെയാണ് പാക്കിസ്ഥാനിലെ ടോർഖാം അതിർത്തി.

