പടിഞ്ഞാറൻ ആഫ്രിക്കയിൽ‍ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ


മൊഗാദിഷു: പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗിനിയയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്.

മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും. ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാന്പിൾ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേർ നിരീക്ഷണത്തിലാണ്.

ഗിനിയൻ സർക്കാറും മാർബർഗ് കേസ് സ്ഥിരീകരിച്ചു. റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് മാർബർഗ് പടരാൻ സാധ്യത. രോഗവ്യാപനം തടയാനായി രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ടു മാസം പിന്നിടുന്പോഴാണ് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ എബോള ബാധയിൽ 12 ജീവനുകളാണ് നഷ്ടമായത്.

രോഗം ബാധിച്ചാൽ 88 ശതമാനം വരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ്, എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേർ ലഭിച്ചത്. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സന്പർക്കത്തിലൂടെയോ ആണ് മാർബർഗ് പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്.

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒന്പത് ദിവസത്തിനുള്ളിൽ രോഗബാധ പ്രകടമാകും. മലന്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ നേരത്തെ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടങ്ങളിൽ 24 മുതൽ 88 ശതമാനം വരെയാണ് മരണനിരക്ക്. പടിഞ്ഞാറൻ ആഫ്രിക്കയിൽ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പ്രത്യേക ലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് മാർബർഗ് വൈറസ് ബാധയേറ്റ രോഗികൾക്ക് നൽകുന്നത്. അംഗീകൃത വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed