ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു


കാബൂൾ: പുലിറ്റ്‌സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി. ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിഅയിൽ തന്നെ മാധ്യമപഠനത്തിന് ചേർന്നു.

ടെലിവിഷൻ ന്യൂസ് കറസ്‌പോണ്ടന്റ് ആയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2010ൽ റോയിട്ടേഴ്‌സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂൾ യുദ്ധം, 2015ലെ നേപ്പാൾ ഭൂകമ്പം, രോഹിൻഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡൽഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേർച്ചിത്രങ്ങൾ ഡാനിഷ് പുറംലോകത്തെത്തിച്ചു. 2018ലാണ് അദ്‌നാൻ ആബിദിക്കൊപ്പം പുലിസ്റ്റർ പുരസ്‌കാരത്തിന് അർഹനായത്. രോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം പകർത്തിയതിനായിരുന്നു പുരസ്‌കാരം. ഡൽഹി കലാപത്തിനിടെ ഇദ്ദേഹം പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീം ഇന്ത്യയുടെ മേധാവിയാണ്. 38കാരനായ ഡാനിഷ് മുംബൈ സ്വദേശിയാണ്. ജാമിഅ വിദ്യാഭ്യാസ വിഭാഗം പ്രൊഫസറായിരുന്ന പ്രൊഫസർ അഖ്തർ സിദ്ദീഖിയാണ് പിതാവ്.

You might also like

  • Straight Forward

Most Viewed