എവര്‍ഗിവൺ വീണ്ടും ചലിച്ചു തുടങ്ങി: സൂയസ് കനാലിലിലെ തടസ്സം നീങ്ങുന്നു
കയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ എവർ ഗിവൺ ചലിച്ച് തുടങ്ങി. ഷിപ്പിംഗ് സർവീസസ് കന്പനിയായ ഇഞ്ച്കേപ്പിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇതു റിപ്പോർട്ട് ചെയ്തത്. തടസങ്ങൾ നീക്കി കപ്പൽ ചലിച്ച് തുടങ്ങിയതായി കന്പനി അറിയിച്ചു. ചൈനയിൽ നിന്ന് നെതർലാന്‍റ്സിലേക്കു പോകുകയായിരുന്ന 400 മീറ്റർ നീളവും രണ്ടു ലക്ഷം ടൺ ഭാരവുമുള്ള കപ്പൽ ചൊവ്വാഴ്ച കനത്ത കാറ്റിൽപ്പെട്ട് വട്ടംതിരിഞ്ഞ് മുൻപിൻഭാഗങ്ങൾ മണ്ണിലുറച്ചുപോകുകയായിരുന്നു. പ്രാദേശിക സമയം പുലർച്ചെ 4.30നാണ് കപ്പലിന്‍റെ തടസം നീക്കിയത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. തടസങ്ങൾ നീക്കിയതിനാൽ കപ്പൽപ്പാത ഉടൻ തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എവർ ഗിവൺ കുടുങ്ങിയതിന് പിന്നാലെ 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാലിന്‍റെ ഇരു ഭാഗത്തുമായി 213 കപ്പലുകൾ കുടുങ്ങിയത് ആഗോള ചരക്കു നീക്കത്തെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്. 960 കോടി ഡോളറിന്‍റെ ചരക്ക് ഈ കപ്പലുകളിലുണ്ടെന്ന് അനുമാനിക്കുന്നു.

