ആഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തിനെതിരെ വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ നിലവിൽ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകൾ അപര്യാപ്തമാണെന്ന് കണ്ടെത്തൽ. ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്രോപദേശകരിൽ ഒരാൾ ഇക്കാര്യം സൂചിപ്പിച്ചതായി ഐടിവി എഡിറ്റർ റോബർട്ട് പെസ്റ്റൺ തിങ്കളാഴ്ച അറിയിച്ചു.
കൊറോണവൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും തിങ്കളാഴ്ച പങ്കുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പുതിയ വൈറസ് വകഭേദത്തിനെതിരെയുള്ള വാക്സിൻ ഫലപ്രാപ്തിയെ കുറിച്ചാണ് ഹാൻകോക്കിന്റെ ആശങ്കയെന്ന് റോബർട്ട് പെസ്റ്റൺ അറിയിച്ചു. ബ്രിട്ടൻ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന.

