ബൈഡനും കമലയും ജയിച്ചാൽ രാജ്യം മറ്റൊരു വെനസ്വേല ആയി മാറും
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ ജോ ബൈഡനും കമല ഹാരിസും ഒരു കാരണവശാലും ജയിക്കാൻ അർഹരല്ലെന്നും അവർ ജയിച്ചാൽ രാജ്യം മറ്റൊരു വെനസ്വേല ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ബൈഡനും കമലയും ജയിക്കുന്ന എന്നത് ഏറെ അപകടമുള്ള കാര്യമാണ്. അതേക്കുറിച്ച് ചിന്തിക്കാൻ പോലും ആകില്ല. റിപ്പബ്ലിക്കൻ തന്നെയാണ് വിജയിക്കുക. തെരഞ്ഞെടുപ്പ് ഏതെങ്കിലും തരത്തിൽ അട്ടിമറിക്കപ്പെട്ടാൽ മാത്രമേ റിപ്പബ്ലിക്കൻസ് തോൽക്കുകയുള്ളു.- ട്രംപ് കൂട്ടിച്ചേർത്തു. അധികാരത്തിലേറിയ നാൾ മുതൽ ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും ചൈന, ക്യൂബ, ബൊളീവിയ, വെനസ്വേല എന്നീ രാജ്യങ്ങളുടെ നയങ്ങൾക്കും നിലപാടുകൾക്കും എതിരാണ്. ഇക്കാര്യം പരസ്യമായി തന്നെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

