ശ്രീരാമൻ നേപ്പാളിയായിരുന്നുവെന്ന വാദവുമായി നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു: ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നെന്ന വാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി. അയോധ്യയിൽ രാമരാജ്യം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ശ്രീരാമനെ തങ്ങളുടേതാക്കി എടുക്കുകയായിരുന്നു എന്നാണു നേപ്പാൾ പ്രധാനമന്ത്രി പറയുന്നത്. ബിഹാറുമായി അതിർത്തി പങ്കിടുന്ന പട്ടണമായ ബിർഗഞ്ചിനു പടിഞ്ഞാറു ഭാഗമായിരുന്നു അയോധ്യ. ഇന്നത്തെ അയോധ്യയിൽനിന്ന്, വിവാഹത്തിനായി രാമൻ നേപ്പാളിലേക്കു വരാൻ യാതൊരു സാധ്യതയുമില്ല. ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണ്. ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാൽ നാം സാംസ്കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യൻ രാജകുമാരനും സീതയെ വിവാഹം കഴിച്ചു നൽകിയിട്ടില്ല- ഒലി പറഞ്ഞു.
ശ്രീരാമൻ ഇന്ത്യക്കാരനല്ല. നേപ്പാളിയാണ്. നേപ്പാളിന്‍റെ സംസ്കാരം ഇന്ത്യ അടിച്ചമർത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. വസ്തുതകൾ അപഹരിക്കപ്പെട്ടു. രാമൻ ഉപേക്ഷിച്ചതിനുശേഷം, മക്കളായ ലവകുശൻമാരോടൊപ്പം നാരായണിയുടെ (ഗന്ധക് നദി) തീരത്തുള്ള വാത്മീകി മഹർഷിയുടെ ആശ്രമത്തിലാണു സീത താമസിച്ചിരുന്നതെന്നും ഒലി അവകാശപ്പെട്ടു. വാൽമീകി രാമായണത്തെ നേപ്പാളിയിലേക്കു വിവർത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ ജന്‍മവാർഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഒലി. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണു ഒലിയുടെ പുതിയ പ്രതികരണം.

