വ്യാജ രേഖകൾ ചമച്ച് ബാങ്കിൽ നിന്ന് 75,000 ദിനാർ തട്ടിയ കേസ്: മൂന്ന് പ്രതികളുടെ അഞ്ച് വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: വ്യാജ രേഖകൾ ചമച്ച് ബാങ്കിൽ നിന്ന് 75,000 ദിനാറിലധികം തട്ടിയ കേസിൽ ഈജിപ്ഷ്യൻ സ്വദേശി ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് കോടതി വിധിച്ച അഞ്ച് വർഷത്തെ തടവ് ശിക്ഷ ഒന്നാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. സർക്കാർ ജീവനക്കാരാണെന്ന് വ്യാജേന ചമച്ച ശമ്പള സർട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സമർപ്പിച്ചാണ് ഇവർ വാഹന വായ്പകൾ നേടിയെടുത്തത്. അപേക്ഷകരുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കാതെ ബാങ്ക് നൽകിയ വിശ്വാസ്യതയാണ് പ്രതികൾ തട്ടിപ്പിനായി മുതലെടുത്തത്.
താൻ 2,000 ദിനാർ പ്രതിമാസ ശമ്പളമുള്ള ഡോക്ടറാണെന്ന് ഒന്നാം പ്രതിയും, സർക്കാർ സ്ഥാപനങ്ങളിൽ 1,700 ദിനാർ വീതം ശമ്പളമുള്ള എഞ്ചിനീയർമാരാണെന്ന് മറ്റ് രണ്ട് പ്രതികളും വ്യാജമായി അവകാശപ്പെടുകയായിരുന്നു. ആരോഗ്യം, പൊതുമരാമത്ത് മന്ത്രാലയങ്ങളുടെ പേരിലുള്ള വ്യാജ രേഖകളും ഔദ്യോഗിക മുദ്രകളും ഇവർ ഇതിനായി നിർമ്മിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി 29,500 ദിനാർ വിലമതിക്കുന്ന വാഹനവും, രണ്ടാം പ്രതി 16,700 ദിനാർ വിലയുള്ള വാഹനവും, മൂന്നാം പ്രതി 29,700 ദിനാർ വിലവരുന്ന രണ്ട് വാഹനങ്ങളും സ്വന്തമാക്കി. പിന്നീട് ഇവർ തിരിച്ചടവിൽ വീഴ്ച വരുത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഈ വാഹനങ്ങൾ ബഹ്റൈന് പുറത്തേക്ക് കടത്തിയതായി കണ്ടെത്തിയത്.
ഔദ്യോഗിക-സ്വകാര്യ രേഖകൾ വ്യാജമായി ചമച്ചതിനും, ബാങ്കിനെ വഞ്ചിച്ച് അനധികൃതമായി പണം തട്ടിയതിനും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ ബഹ്റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
dfsf

