ഫൈസൽ ഫരീദിനു വേണ്ടി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാൻ നീക്കം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് വിട്ടുകിട്ടാനുള്ള നീക്കവുമായി എൻഐഎ. ഫൈസൽ ഫരീദിനു വേണ്ടി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനാണു നീക്കം. കുറ്റവാളിയെന്നു സംശയിക്കുന്ന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണു ബ്ലൂ നോട്ടിസ് നൽകുന്നത്.
ഫൈസലിനായി കോടതി ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്താനായി പ്രതികൾ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്ന് എൻഐഎ കോടതിയെ ബോധിപ്പിച്ചു.
ഫൈസൽ ഫരീദാണ് വ്യാജരേഖകൾ ചമച്ചതെന്നും ബാഗേജിന് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻഐഎ അറിയിച്ചു. കോണ്‍സലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിനു ബന്ധമില്ല. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയിലാണ് എൻഐഎ ഇതു പറയുന്നത്.
കേസിൽ വൻ ഗൂഢാലോചന നടന്നതായും പ്രതികൾ കടത്തിയ സ്വർണം ജ്വല്ലറികൾക്കല്ല നൽകിയതെന്നും തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. ഇന്ത്യയും യുഎഇയുമായുള്ള നയതന്ത്ര ബന്ധത്തെതന്നെ ബാധിക്കുന്ന പ്രവൃത്തികളാണ് ഇത്തരം കള്ളക്കടത്ത് സംഘത്തിലൂടെയുണ്ടായത്. സ്വപ്നയും സന്ദീപും യുഎഇ കോണ്‍സലേറ്റിൽനിന്ന് അകാരണമായി ജോലി രാജിവച്ചവരാണ്. ഇത്തരം കാര്യങ്ങൾ സംബന്ധിച്ചു വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്നും എൻഐഎ വ്യക്തമാക്കി.

