തെരുവുകളിൽ അണുനാശിനി തളിച്ചതുകൊണ്ട് കൊറോണ വൈറസ് ഇല്ലാതാകില്ല: ഡബ്ല്യു.എച്ച്.ഒ

ജനീവ: തെരുവുകളിൽ അണുനാശിനി തളിക്കുന്നതിലൂടെ കൊറോണ വൈറസിനെ ഇല്ലാതാക്കാനാവില്ലെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും ലോകാരോഗ്യസംഘടന. അണുനാശിനി തെരുവുകളിൽ തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല. എന്നാൽ ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യുന്നു−ഡബ്ല്യൂ.എച്ച്.ഒ മുന്നറിയിപ്പ് നൽകി. ഉപരിതലങ്ങൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള മാർഗ രേഖയിൽ സ്പ്രേ ചെയ്യുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
തെരുവുകളോ ചന്തസ്ഥലങ്ങളോ പോലുള്ള തുറസായ പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുകയോ പുകയ്ക്കുകയോ ചെയ്യുന്നത് കൊറോണ വൈറസിനെയോ രോഗകാരികളായ വൈറസുകളെയോ നശിപ്പിക്കില്ല. കാരണം അണുനാശിനിയെ അഴുക്കും മാലിന്യങ്ങളും നിർജീവമാക്കും. തെരുവുകളും നടപ്പാതകളും കോവിഡ് വൈറസിന്‍റെ സംഭരണികളായി കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അണുനാശിനി തളിക്കുന്നത് വൈറസിനെ ഇല്ലാതാക്കില്ലെങ്കിലും മനുഷ്യന്‍റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാൻ കഴിയുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.