ആയിരങ്ങള്‍ മരിക്കുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് ഇവാന്‍കയും ഭര്‍ത്താവും

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് ദിനംപ്രതി ആളുകൾ മരിക്കുന്നതിനിടെ ലോക്ക് ഡൗൺ ലംഘിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും മരുമകനും. ഇവാൻക ട്രംപും ഭർത്താവ് ജരേഡ് കുഷ്നറുമാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്തത്. ജൂത വിശ്വാസപ്രകാരമുള്ള പെസഹാ ആചരിക്കുന്നതിന് വേണ്ടിയാണ് ഇവർ ലോക്ക് ഡൗൺ ലംഘിച്ചത്. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിങ്ടണിലെ തങ്ങളുടെ വസതിയിൽ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിൻസ്റ്ററിലുള്ള ഗോൾഫ് റിസോർട്ടിലേക്കാണ് ഇരുവരും യാത്രചെയ്തത്.
ഇരുവരും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയ വാർത്ത അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസാണ് ആദ്യമായി പുറത്തുവിട്ടത്. ഇവർ പങ്കെടുത്ത ചടങ്ങിൽ പുറത്തുനിന്ന് ആരും എത്തിയിരുന്നില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. സ്വന്തം വീട്ടിനുള്ളിൽ കഴിയുന്നതിന് തുല്യമാണ് ഇരുവരും ബെഡ്മിൻസ്റ്ററിൽ തങ്ങിയതെന്നും വാഷിങ്ടണിൽ നിന്ന് ഇവിടെ വരെയുള്ള യാത്ര വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള യാത്രപോലെ കണ്ടാൽ മതിയെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്.
ലോക്ക് ഡൗണിന്റെ ഭാഗമായി വാഷിങ്ടണിൽ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ലെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഇവാൻകയും ഭർത്താവും ഇവിടെ നിന്ന് പുറത്തേക്ക് യാത്ര ചെയ്തത്. നിയന്ത്രണങ്ങളെ തുടർന്ന് അമേരിക്കയിൽ പെസഹാ സസമയത്ത് ജനങ്ങൾ പരമ്പരാഗതമായി ബന്ധുക്കളെ സന്ദർശിക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോളുകൾ വഴിയാണ് പരസ്പരം ആശംസകൾ പങ്കുവെച്ചിരുന്നത്. ട്രംപിന്റെ ഉപദേശകയായിട്ടാണ് ഇവാൻകയെ നിയമിച്ചിരിക്കുന്നത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കൂടി സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ഇവാൻക നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവാൻക തന്നെ ആത് ലംഘിച്ചിരിക്കുന്നത്.