കോവിഡ് 19 റാൻഡം ടെസ്റ്റുകൾ ബഹ്റൈനിൽ ഊർജിതമാക്കും

മനാമ
രാജ്യത്തെ സ്വദേശി വിദേശി പൗരൻമാർക്കായി ആരംഭിച്ച കോവിഡ് 19 റാൻഡം ടെസ്റ്റുകൾ വരും ദിവസങ്ങളിൽ ഊർജിതമായി നടക്കുമെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. ഇവിടെയുള്ള ഇൻഫർമേഷൻ ആന്റ് ഇ ഗവൺമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഓരോ ഹൗസിങ്ങ് ബ്ലോക്കുകളിൽ നിന്നുളള 20 പേരെ വെച്ച് അടുത്ത പന്ത്രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവർ അവരുടെ മൊബൈൽ ഫോണിൽ മെസേജ് വന്നതിന് ശേഷം അനുവദിച്ച തീയ്യതിയിലും, സമയത്തിലും ബഹ്റൈൻ എക്സിബിഷൻ സെന്ററിൽ പ്രത്യേകമായി തയ്യാറാക്കിയ പരിശോധന കേന്ദ്രത്തിലെത്തിയാണ് ടെസ്റ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഇവിടെ ആരംഭിച്ചിട്ടുള്ള ഡ്രൈവ് ത്രൂ പരിശോധന സൗകര്യത്തിലൂടെയാണ് കേവലം അഞ്ച് മിനിട്ട് മാത്രം ദൈർഘ്യമുള്ള പരിശോധന നടക്കുക. ഇവിടെ എത്തുന്നവർ തങ്ങളുടെ വാലിഡ് ഐഡി കാർഡുകളുമായാണ് പരിശോധനയ്ക്കായി വരേണ്ടത്. ഇത്തരത്തിൽ ആകെ 9000 പേരെയാണ് പരിശോധിക്കുക. പരിശോധനക്കായി വരുന്നവർക്ക് അവരുടെ കുടുംബാഗങ്ങളെ കൂടി കൊണ്ടുവരാവുന്നതാണെന്നും, ഒരു വാഹനത്തിൽ തന്നെയാകണം ഇവർ വരേണ്ടതെന്നും അധികൃതർ അറിയിച്ചു.