കൊവിഡ് 19; അമേരിക്കയില്‍ തൊഴില്‍ രഹിതരാകുന്നവരുടെ എണ്ണം രണ്ട് കോടി കടന്നു

വാഷിംഗ്ടൺ: കൊവിഡ് 19 വൈറസ് ബാധയേ തുടർന്ന് അമേരിക്കയിൽ തൊഴിലില്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാലാഴ്ചക്കിടെ 2.2 കോടി ആളുകളാണ് തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷ നൽകിയതെന്നാണ് കണക്കുകൾ. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 52 ലക്ഷം ആളുകളാണ് ഇതിനായി അപേക്ഷിച്ചത്. അമേരിക്കൻ ലേബർ ഡിപ്പാർട്ട്മെന്റാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ 66 ലക്ഷം ആളുകളാണ് അപേക്ഷ നൽകിയത്.
മാർച്ച് 28 അവസാനിച്ച ആഴ്ചയിൽ 69 ലക്ഷം ആളുകളും അതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ 33 ലക്ഷം ആളുകളുമാണ് ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷ സമർപ്പിച്ചത്. 1982ലെ മാന്ദ്യകാലത്താണ് ഇതിന് മുമ്പ് ഏറ്റവുമധികം ആളുകൾ ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷ സമർപ്പിച്ചത്. 695,000 ആയിരുന്നു അന്നത്തെ കണക്ക്. ഇത്രയധികം ആളുകൾ തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിം നേടാനായി അപേക്ഷ നൽകുന്നത് അമേരിക്കൻ സമ്പദ്വ്യവസ്ഥ നിശ്ചലമായതിന്റെ വ്യക്തമായ സൂചനയാണ്. ലോക്ക് ഡൗണിനെ തുടർന്ന് അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമായെന്നാണ് ഇതുവരെയുള്ള കണക്കുകൾ.