വർഗീസ് കുര്യനെ അനുമോദിച്ച് ബഹ്റൈൻ കിരീടാവകാശി

മനാമ
ബഹ്‌റൈൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്ന മലയാളി വ്യവസായി വർഗീസ് കുര്യന് ബഹ്റൈൻ കിരീടാവകാശിയുടെ അനുമോദനം. വിവിധ വകുപ്പ് തലവൻമാരുമായി ഇന്നലെ നടത്തിയ റിമോട്ട് യോഗത്തിലാണ് ബഹ്റൈൻ കിരീടാവാകശിയും ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വർഗീസ് കുര്യനെയും അദ്ദേഹം നയിക്കുന്ന അൽ നമൽ ഗ്രൂപ്പിനെയും പ്രകീർത്തിച്ചത്.
അൽ നമൽ ഗ്രൂപ്പ് ഹിദ്ദിൽ പുതുതായി നിർമിച്ച ഇരുനൂറ്റി അന്പത്തിമൂന്ന് മുറികൾ ഉൾപ്പെട്ട എട്ടു കെട്ടിടങ്ങളാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സൗജന്യമായി വിട്ടു നൽകിയത്. കോവിഡ് പ്രതിസന്ധി തീരുന്നവരെ രോഗികളുടെ ക്വാറന്റൈൻ സൗകര്യത്തിനായി ഗവൺമെന്റിന് ഉപയോഗപ്പെടുത്താനാണ് ഈ കെട്ടിടങ്ങൾ നൽകിയത്. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു കോവിഡ് ബാധിച്ചവരെ പരിചരിക്കാനായി ജുഫൈറിലുള്ള നൂറ്റി അറുപത്തി നാലു മുറികളുള്ള പാർക്ക് രെജിസ് ലോട്ടസ് ഹോട്ടലും വർഗീസ് കുര്യൻ നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏപ്രിൽ ആദ്യവാരം മുതൽക്കാണ് ഇവിടെ സൗജന്യചികിത്സാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഷ്ടപ്പാട് അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനുള്ള നിരവധി സഹായ പ്രവർത്തനങ്ങളും വർഗീസ് കുര്യനും അൽനമൽ ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. കേരള ഗവർമെന്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപയാണ് സംഭാവനയായി നൽകിയത്. ലോകകേരളസഭയുടെ നേതൃത്വത്തിൽ ബഹ്ൈറിനിൽ കോവിഡ് മൂലം ആശങ്കയിലായ പ്രവാസി മലയാളികളെ സഹായിക്കാൻ കേരള ഗവർമെന്റ് ആരംഭിച്ച നോർക്ക ഹെൽപ് ഡസ്കിന്റെ പ്രവർത്തനങ്ങൾക്കും സാധ്യമായ സഹായങ്ങൾ നൽകുമെന്ന് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയായ വർഗീസ് കുര്യൻ അറിയിച്ചിട്ടുണ്ട്.