ബഹിരാകാശത്ത് ആദ്യം നടന്ന ലിയോനോവ് നിര്യാതനായി
മോസ്കോ: ആദ്യമായി ബഹിരാകാശത്തു നടന്ന് ചരിത്രത്തിലിടം പിടിച്ച റഷ്യൻ ഗഗനചാരി അലക്സി ലിയോനോവ് (85) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്ന അദ്ദേഹം മോസ്കോയിലെ ബുർഡെങ്കോ ആശുപത്രിയിൽ വെച്ചാണ് നിര്യാതനായത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍റെ സുഹൃത്തായിരുന്ന ലിയോനോവ് സൈബീരിയൻ സ്വദേശിയാണ്. 1961ലായിരുന്നു ഗഗാറിന്‍റെ ബഹിരാകാശ യാത്ര. നാലുവർഷത്തിനുശേഷം 1965ൽ ലിയോനോവ് നടത്തിയ ബഹിരാകാശ നടത്തം 12 മിനുട്ടും ഒന്പതു സെക്കൻഡും ദീർഘിച്ചു.
ബഹിരാകാശ നടത്തം വിജയകരമായിരുന്നെങ്കിലും ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ ലിയോനോവും പാവേലും സഞ്ചരിച്ച പേടകം സൈബീരിയൻ വനത്തിൽ ക്രാഷ്‌ലാൻഡ് ചെയ്തത് പ്രശ്നം സൃഷ്ടിച്ചു. 1975ൽ സോയൂസ്- അപ്പോളോ ദൗത്യത്തിലും ലിയോനോവ് പങ്കാളിയായി. രണ്ടു തവണ ഹീറോ ഓഫ് സോവ്യറ്റ് യൂണിയൻ ബഹുമതി നേടിയ ലിയോനോവിന്‍റെ നിര്യാണത്തിൽ റഷ്യയിലെ പ്രമുഖർ അനുശോചിച്ചു. സംസ്കാരം അടുത്ത ചൊവ്വാഴ്ച ഫെഡറൽ സൈനിക സെമിത്തേരിയിൽ നടത്തും.

