സ്റ്റീൽ മിൽ അഴിമതിക്കേസ്: നവാസ് ഷരീഫിന്‍റെ ജാമ്യാപേക്ഷ തള്ളി

അൽഅസീസാ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ആശുപത്രിയിൽ ചികിത്സാർഥം പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കോട് ലാഖ്പത് ജയിലിൽ നിന്ന് ഏതാനും ആഴ്ച മുന്പാണ് ഷരീഫിനെ ലാഹോറിലെ ജിന്നാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജാമ്യം നിരസിക്കപ്പെട്ടതിനെത്തുടർന്നു തന്നെ വീണ്ടും ജയിലിലേക്ക് മാറ്റാൻ ഷരീഫ് ആവശ്യപ്പെട്ടു. ഷരീഫിന്‍റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റുകയാണെന്ന് ആഭ്യന്തര വകുപ്പ് പിന്നീടു പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.