ആണവനിരായുധീകരണത്തിന് കിം സമ്മതിച്ചെന്ന് പോംപിയോ

വാഷിംഗ്ടൺ : ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. സിംഗപ്പൂർ ഉച്ചകോടിയിൽ ഇക്കാര്യത്തിൽ വ്യക്തമായ ധാരണ ഉണ്ടാകും. മോശമായ കരാറിന് അമേരിക്കൻ പ്രസിഡണ്ടായ ട്രംപ് നിന്നുകൊടുക്കില്ല. എന്തു കരാറുണ്ടാക്കിയാലും അത് അമേരിക്കൻ കോൺഗ്രസിന്റെ അനുമതിക്കായി സമർപ്പിക്കും. ചൊവ്വാഴ്ച നടത്താനിരിക്കുന്ന സിംഗപ്പൂർ ഉച്ചകോടിക്ക് ഒരുക്കമെന്ന നിലയിൽ ഉത്തരകൊറിയയും അമേരിക്കയും പലവട്ടം ചർച്ച നടത്തിയിരുന്നു.
ആണവ നിരായുധീകരണത്തിന് തയാറാണെന്നു കിം നേരിട്ടു തന്നോടു പറഞ്ഞെന്നു രണ്ടു തവണ പ്യോംഗ്യാഗിൽ പോയ പോംപിയോ വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറെ പ്രതീക്ഷയോടെയാണു ട്രംപ് സിംഗപ്പൂരിലേക്കു പോകുന്നത്. മുൻകാലത്ത് പരിതാപകരമായ പല ധാരണകളുമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ട്രംപ് ഇത്തരം മോശമായ ഒരു കരാറിനും സമ്മതിക്കില്ല. കൊറിയൻ മേഖലയുടെ സന്പൂർണ ആണവനിരായുധീകരണത്തിൽ കുറഞ്ഞ ഒന്നും അമേരിക്കയ്ക്കു സ്വീകാര്യമല്ലെന്നും പോംപിയോ പറഞ്ഞു.