മുഷറഫിന്റെ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും സസ്പെൻഡ് ചെയ്തു

ഇസ്ലാമാബാദ് : മുൻ പ്രസിഡണ്ട് പർവേസ് മുഷറഫിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാകിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. പ്രത്യേക കോടതി നിർദേശത്തെ തുടർന്നാണിത്. 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു 2014 മാർച്ചിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മുഷറഫ്, 2016 മാർച്ച് 18നു ചികിത്സയ്ക്ക് വേണ്ടി ദുബായിൽ പോയതിനുശേഷം തിരിച്ചെത്തിയിട്ടില്ല.
പല തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാൽ പ്രത്യേക കോടതി അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയാക്കി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാർച്ചിലാണു മുഷറഫിന്റെ തിരിച്ചറിൽ കാർഡും പാസ്പോർട്ടും സസ്പെൻഡ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടത്. ഇതുപ്രകാരം മുഷറഫിന് ഇനി മറ്റു രാജ്യങ്ങളിലേക്കു സഞ്ചരിക്കാനാവില്ല. രാഷ്ട്രീയാഭയം ലഭിച്ചില്ലെങ്കിൽ ദുബൈയിലെ താമസവും നിയമവിരുദ്ധമാകും. ബേനസീർ ഭൂട്ടോ വധക്കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകൾ മുഷറഫിനെതിരെ പാക് കോടതികളിലുണ്ട്.