സി.ആർ ഫീസ് പുനഃക്രമീകരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു

മനാമ : കൊമേർഷ്യൽ രജിസ്ട്രേഷൻ ഫീ (സി.ആർ ഫീസ്) പുനഃക്രമീകരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തമായ പഠനങ്ങൾക്ക് ശേഷമേ തീരുമാനം കൈക്കൊള്ളൂവെന്നും കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആന്റ് കോർപറേറ്റ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അലി മക്കി പറഞ്ഞു. സി.ആർ ഫീസ് ഉയർത്താനുള്ള തീരുമാനം ചർച്ച ചെയ്യുന്നതിനായി ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു ചർച്ചാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചേന്പർ പുതിയ ഫീസ് നയങ്ങൾക്കെതിരാണെങ്കിലും നമുക്ക് യാതൊരു മാർഗ്ഗവുമില്ല. എന്നാൽ കച്ചവടക്കാരുടെ താൽപ്പര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ നിരവധി മാർഗ്ഗനിർദ്ദേശങ്ങളും സന്പ്രദായങ്ങളും നടപ്പിലാക്കുമെന്ന് ചേന്പർ ഡെപ്യൂട്ടി ചെയർമാൻ മുഹമ്മദ് കോഹ്ജി പറഞ്ഞു.
ഫീസ് സ്ഥാപനത്തിന്റെ വലുപ്പത്തിന് അനുസൃതമായിരിക്കണമെന്ന് വ്യവസായിയായ ദാർവിഷ് അൽ മന്നൈ പറഞ്ഞു. ഒരു ചെറിയ വർക്ക്ഷോപ്പിനും വലിയ ഫാക്ടറി ക്കും ഫീസ് തുല്യമായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫീസ് ശേഖരിക്കാനും ബിസിനസ് ഉടമകൾക്കും തൊഴിലാളികൾക്കുമായി പണം ചിലവഴിക്കാൻ ഒരു ഫണ്ട് സ്ഥാപിക്കാനും മറ്റൊരു വ്യവസായിയായ അസെൽ അൽ മുഹാൻഡിസ് നിർദ്ദേശിച്ചു.