പുറത്താക്കിയ റഷ്യയെ തിരിച്ചെടുക്കാൻ തയ്യാറാവണമെന്ന് ജി-7 രാജ്യങ്ങളോട് ട്രംപ്

വാഷിംഗ്ടൺ : നാല് വർഷം മുന്പു പുറത്താക്കിയ റഷ്യയെ തിരിച്ചെടുക്കാൻ തയാറാവണമെന്ന് ജി -7 ഗ്രൂപ്പു രാജ്യങ്ങളോടു അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നിർദേശിച്ചു. ലോകത്തിലെ സന്പന്ന രാജ്യങ്ങളുടെ ക്ലബ്ബായ ജി7-ന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ ക്യൂബക്കിലേക്ക് തിരിക്കും മുന്പു റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്. റഷ്യയ്ക്ക് വേണ്ടിയുള്ള ട്രംപിന്റെ വാദം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ മറ്റു രാഷ്ട്രതലവന്മാരിൽ നിന്നും ഒറ്റപ്പെടുന്നതിന് ഇടയാക്കിയെന്നാണ് റിപ്പോർട്ട്.
യുക്രെയിനിന്റെ ഭാഗമായിരുന്ന ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേർത്ത പുടിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ജി-8 ഗ്രൂപ്പിൽ അംഗമായിരുന്ന റഷ്യയെ 2014ൽ പുറത്താക്കിയത്. ഇപ്പോൾ കാനഡ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ജർമനി എന്നീ ഏഴ് വ്യവസായിക രാജ്യങ്ങൾ ഉൾപ്പെടുന്ന ജി-7 ഗ്രൂപ്പാണുള്ളത്. റഷ്യയെ പുനഃപ്രവേശിപ്പിക്കണമെന്ന് പറയുന്നത് രാഷ്ട്രീയമായി ശരിയല്ലായിരിക്കാം. എന്നാൽ ലോകത്തിന്റെ ഭരണം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ഇതിനായി റഷ്യയെ ഗ്രൂപ്പിൽ പുനഃപ്രവേശിപ്പിക്കുകയും ചർച്ചാ മേശയിലേക്കു കൊണ്ടുവരികയും ചെയ്യണമെന്നാണ് ട്രംപിന്റെ അഭിപ്രായം.
ട്രംപിന്റെ നിർദേശത്തെ യൂറോപ്യൻ യൂണിയൻ എതിർത്തു. ഇന്നലെ ആരംഭിച്ച ക്യൂബക് ഉച്ചകോടി ട്രംപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നു വ്യക്തമായിട്ടുണ്ട്. ഉച്ചകോടിയുടെ സമാപനത്തിനു നിൽക്കാതെ ട്രംപ് നേരത്തേ മടങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇറാൻ പ്രശ്നത്തിലും കാലാവസ്ഥാ പ്രശ്നത്തിലും ട്രംപിന്റെ നിലപാടിനോടു ജി-7ലെ മറ്റു രാജ്യങ്ങൾക്കു വിയോജിപ്പുണ്ട്.
ജി-7ലെ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് കനത്ത ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ട് അധികം ദിവസമായില്ല. ട്രംപിനെതിരെ ജർമനിയും ഫ്രാൻസും പരസ്യമായി രംഗത്തെത്തി. മറ്റു രാജ്യങ്ങൾ ഒരുമിച്ചു നിന്ന് ജിആറ് ആയി പ്രവർത്തിച്ചാലും കുഴപ്പമില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് മക്രോൺ പറഞ്ഞു. ആറ് പേരും ഒരുമിച്ചു നിന്നാൽ അമേരിക്കയെക്കാൾ വലിയ കന്പോളം നമുക്കുണ്ടാവുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സാന്നിധ്യത്തിൽ മക്രോൺ പറഞ്ഞിരുന്നു.
ട്രംപ് ഭരണകൂടം അടുത്തകാലത്ത് ഏർപ്പെടുത്തിയ വ്യാപാര തീരുവ സംബന്ധിച്ചും ഉച്ചകോടിയിൽ തർക്കമുണ്ടായി. ഫ്രാൻസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. എല്ലാതലത്തിലും ഒരു കരാറിൽ എത്താൻ ശ്രമിക്കുകയാണെന്ന് മാക്രോണും വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യൂറോപ്യൻ യൂണിയനുമായി സാങ്കേതിക തലത്തിലുള്ള ഒരു വ്യാപാര ചർച്ച ആരംഭിക്കാൻ ട്രംപ് സമ്മതിച്ചതായും മാക്രോണിന്റെ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.