മുംബൈയിൽ കനത്ത മഴ : വെള്ളപ്പൊക്കത്തിന് സാധ്യത

മുംബൈ : മഹാരാഷ്ട്രയിലെ മുംബൈയിൽ കനത്ത മഴ. മഴയെ തുടർന്ന് മുംബൈ നഗരത്തിലെ പലയിടങ്ങളും വെള്ളം കയറിയ നിലയിലാണ്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും ഇന്നലെയുമായി പല വിമാനങ്ങളും വഴി തിരിച്ച് വിട്ടു. ട്രെയിനുകൾ വൈകിയോടുകയാണ്. 32 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് വൈകിയത്. മൂന്ന് സർവ്വീസുകൾ റദ്ദാക്കി. ട്രെയിൻ സർവ്വീസുകളെയും മഴ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പത്ത് മുതൽ 15 മിനുട്ട് വരെ വൈകിയാണ് ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്.
കനത്ത മഴയിൽ പലയിടങ്ങളിലും ജനജീവിതം താറുമാറായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വാരാന്ത്യ അവധി റദ്ദാക്കി. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ദുരിതാശാസ്വാസ പ്രവർത്തനങ്ങൾക്കായി നാവികസേനയോട് തയ്യാറായിരക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ദുരിതാശ്വാസ ക്യാന്പുകളായി നിയോഗിച്ച സ്കൂളുകൾ 24 മണിക്കൂറും തുറന്നിരിക്കണമെന്നും അധികൃതർ ഉത്തരവിട്ടുണ്ട്. വരുന്ന 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യാൻ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.