അമേരിക്കൻ സെനറ്റ് സമിതിക്ക് മുൻപാകെ വ്യക്തിഗത വിവരങ്ങൾ കൈമാറാനാകില്ലെന്ന് സുക്കർബർഗ്


വാഷിംഗ്ടൺ ഡിസി : അമേരിക്കൻ സെനറ്റ് സമിതിക്ക് തന്‍റെ വ്യക്തിഗത വിവരങ്ങൾ കൈമാറാനാകില്ലെന്ന് ഫേസ്ബുക് മേധാവി മാർക് സുക്കർബർഗ്. ഡേറ്റാ ചോർച്ച വിവാദത്തിൽ രണ്ടാം ദിവസം മൊഴി നൽകുന്നതിനിടെയാണ് സുക്കർബർക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 

സെനറ്റിന്‍റെ ഹൗസ് എനർജി ആൻഡ് കോമേഴ്സ് സമിതിക്കു മുന്പാകെയാണ് സുക്കർബർഗ് ചൊവ്വാഴ്ച മൊഴി നൽകിയത്. കഴിഞ്ഞ രാത്രി ഏതു ഹോട്ടലിലാണു താമസിച്ചതെന്നും കഴിഞ്ഞയാഴ്ച ആർക്കൊക്കെ മെസേജ് അയച്ചുവെന്നും വെളിപ്പെടുത്താമോയെന്ന് സെനറ്റർ ഡിക് ഡർബിൻ ചോദിച്ചു. പറ്റില്ലെന്ന് സുക്കർബർഗ് മറുപടി നൽകി. സ്വകാര്യകാര്യങ്ങളിൽ വ്യക്തിക്കുള്ള അവകാശമാണ് സുക്കർബർഗ് പ്രയോജനപ്പെടുത്തുന്നതെന്ന് സെനറ്റർ ചൂണ്ടിക്കാട്ടി. ഡേറ്റചോർച്ച വിവാദം ആ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലിൽ ഉടനീളം സുക്കർബർഗ് തന്റെ കന്പനിയുടെ നയങ്ങളെ ന്യായീകരിക്കുകയും ചെയ്തു.

കേംബ്രിജ് അനലറ്റിക്ക 870 ലക്ഷം ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിലാണ് ഫേസ്ബുക്ക് മേധാവിയെ സെനറ്റ് സമിതി വിളിച്ചുവരുത്തി മൊഴിയെടുത്തത്. തെറ്റുപറ്റിയെന്നു പറഞ്ഞ സുക്കർബർഗ് സെനറ്റംഗങ്ങളോടു മാപ്പു ചോദിച്ചു. തന്‍റെ സ്വകാര്യ വിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തിയെന്ന് രണ്ടാം ദിവസമായ ഇന്നലെ നൽകിയ മൊഴിയിൽ സുക്കർബർഗ് പറഞ്ഞു.

അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യലിന് ഇരുന്നു കൊടുത്ത സുക്കർബർഗ് പുതിയ നിയമനിർമാണത്തെ പിന്തുണയ്ക്കുന്ന കാര്യത്തിലോ ഫേസ്ബുക്കിന്റെ ഭാവി നീക്കങ്ങളെക്കുറിച്ചോ ഒരു ഉറപ്പും നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. 

രണ്ടാം സെഷനിലെ സുക്കർബർഗിന്റെ ഒരു സുപ്രധാനമായ അഭിപ്രായം ഇന്റർ‍നെറ്റ് കന്പനികൾക്കുമേൽ നിയന്ത്രണം ആവശ്യമാണെന്നതായിരുന്നു. എന്നാൽ എന്തുതരം നിയന്ത്രണമാണ് വരേണ്ടത് തുടങ്ങിയ ചർച്ചകളിലേക്ക് തന്നെ വലിച്ചിഴയ്ക്കാൻ അനുവദിക്കാതെ അദ്ദേഹം മാറിനില്‍ക്കുകയും ചെയ്തു.  

ഓരോ സെനറ്റർ്‍‍ക്കും നാലു മിനിറ്റാണ് സുക്കർബർഗിനോടു ചോദ്യം ചോദിക്കാൻ അനുവദിച്ചിരുന്നത്. ഇതാകട്ടെ ഗൗരവമുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ തികച്ചും അപര്യാപ്തവുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed