അൾജീരിയ വിമാന അപകടത്തിൽ കൊല്ലപ്പെട്ടത് 257 പേർ
അൾജിയേഴ്സ് : അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിൽ നിന്ന് 30 കിലോമീറ്റർ അകലെ ഇന്നലെ സൈനിക വിമാനം തകർന്നു വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് 257 പേർ. 247 യാത്രികരും 10 വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് അൾജീരിയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരിൽ ഏറെയും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്. സൈനികരെ കൂടാതെ പടിഞ്ഞാറൻ സഹാറയെ മൊറോക്കോയിൽനിന്ന് മോചിപ്പിക്കാൻ അൾജീരിയയുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുന്ന പോളിസാരിയോ ഫ്രണ്ടിന്റെ 26 പ്രവർത്തകരും അപകടത്തിൽ കൊല്ലപ്പെട്ടു.
ബുധനാഴ്ച രാവിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിന് സമീപത്താണ് റഷ്യൻ നിർമിത ഐ.എൽ വിമാനം തകർന്നുവീണത്. തെക്കുപടിഞ്ഞാറൽ അൾജീരിയയിലെ ബെച്ചാറിലേക്ക് പോകുകയായിരുന്നു വിമാനമെന്നാണ് റിപ്പോർട്ട്. ബൗഫറിക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ സമീപത്തെ കൃഷിയിടത്തിൽ തകർന്നു വീഴുകയായിരുന്നു. ഒലീവ് മരങ്ങൾക്കിടയിലേക്ക് പതിച്ച വിമാനം പൂർണ്ണമായും കത്തിച്ചാന്പലായതായാണ് വിവരം. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്.
ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഉടനെ തന്നെ ദുരന്ത നിവാരണ സേനയും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അതേസമയം അപകടം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല.സംഭവത്തെക്കുറിച്ച് അൾജീരിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സൈനിക മേധാവി സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്.

