അമേരിക്കൻ യുദ്ധക്കപ്പൽ സിറിയയിലേക്ക് : ട്രംപ് വിദേശ പര്യടനം റദ്ദാക്കി
ഡമാസ്്ക്കസ് : സിറിയൻ സൈന്യം ഈേസ്റ്റൺ ഗൂട്ടായിൽ നടത്തിയതായി പറയപ്പെടുന്ന രാസായുധാക്രമണത്തിന് പ്രതികാരമായി അമേരിക്ക സിറിയയിൽ ആക്രമണത്തിനു തയാറെടുക്കുന്നതായി റിപ്പോർട്ട്. സൈപ്രസിലെ ലാർനാക്കയിൽനിന്നു മിസൈൽ നശീകരണിക്കപ്പൽ യു.എസ്.എസ് ഡോണൾഡ് കുക്ക് സിറിയയിലേക്കു തിരിച്ചു. ഈ കപ്പലിൽ 60 ടൊമാഹോക്ക് ക്രൂസ് മിസൈലുകളുണ്ട്. ഇതേത്തുടർന്ന് പെറുവിലെ ലിമായിലെ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പദ്ധതി പ്രസിഡണ്ട് ഡോണൾഡ് ട്രംപ് റദ്ദാക്കി.
സിറിയൻ പ്രശ്നത്തിൽ നടപടി സ്വീകരിക്കാൻ വേണ്ടിയാണ് വിദേശപര്യടനം ഒഴിവാക്കി ട്രംപ് വാഷിംഗ്ടണിൽ തങ്ങുന്നതെന്നു വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. ട്രംപിനു പകരം വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് ഉച്ചകോടിയിൽ പങ്കെടുക്കും. അതേസമയം അമേരിക്കൻ ആക്രമണം നേരിടാൻ സിറിയ ഒരുക്കങ്ങൾ ആരംഭിച്ചു. സൈന്യത്തിനു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജി.പി.എസ് സിഗ്നലുകൾ ജാം ചെയ്ത് സിറിയയിലെ അമേരിക്കൻ ഡ്രോണുകളുടെ പ്രവർത്തനം റഷ്യ അവതാളത്തിലാക്കുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥർ പരാതിപ്പെട്ടു.
ഡമാസ്കസ് പ്രാന്തത്തിലുള്ള ഈേസ്റ്റൺ ഗൂട്ടായിലെ ദൂമാ നഗരത്തിൽ കഴിഞ്ഞദിവസം നടന്ന രാസായുധാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് സിറിയയ്ക്ക് എതിരെ സൈനിക നടപടി ഉണ്ടാവുമെന്ന് ആശങ്ക പരന്നു. ദൂമായിൽ തങ്ങളുടെ വിദഗ്ധർ പരിശോധന നടത്തിയെന്നും രാസായുധാവശിഷ്ടങ്ങൾ കണ്ടെത്തിയില്ലെന്നും സിറിയയുടെ സഖ്യകക്ഷിയായ റഷ്യ വ്യക്തമാക്കി. ആക്രമണം നടത്തുന്നതിനെതിരെ അമേരിക്കയ്ക്ക് റഷ്യ താക്കീത് നൽകുകയും ചെയ്തു. എന്നാൽ സൈനിക കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് സിറിയയിൽ ആക്രമണം നടത്തുന്നതു സംബന്ധിച്ച് 48 മണിക്കൂറിനകം തീരുമാനമുണ്ടാവുമെന്നു വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിലുള്ളവർ ആരായാലും അവർക്ക് ശക്തമായ നടപടി പ്രതീക്ഷിക്കാമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സൈനിക ശക്തി വലുതാണെന്നും ട്രംപ് ഓർമിപ്പിച്ചു. സിറിയയിൽ രാസായുധ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളാരായാലും അവർക്കെതിരെ ശക്തമായ നടപടി അമേരിക്ക സ്വീകരിക്കുമെന്നും എന്തും നേരിടാൻ സൈനികർ തയ്യാറാണെന്നും ട്രംപ് ഓർമ്മിപ്പിച്ചു.

