റോഹിങ്ക്യൻ ജനതയെ നാടുകടത്തുന്നതിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണത്തിനൊരുങ്ങുന്നു
ന്യൂയോർക്ക് : റോഹിങ്ക്യൻ ജനതയെ നാടുകടത്തുന്നതിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണത്തിനൊരുങ്ങുന്നു. മ്യാന്‍മറിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ വ്യക്തമാക്കി.
റോഹിങ്ക്യൻ ജനതയെ മ്യാന്‍മറിൽ നിന്നും ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നതിന്‍റെ അധികാര പരിധിയെന്തെന്ന് ഇന്‍റർനാഷണൽ ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ ഫതൂ ബെൻസൂഡ ചോദിച്ചു. മനുഷ്യത്വത്തിനെതിരായ വലിയ കുറ്റകൃത്യമായി ഇതിനെ കാണേണ്ടതുണ്ട്. 2017 മുതൽ ആറ് ലക്ഷത്തി എഴുപതിനായിരത്തിലധികം റോഹിങ്ക്യകളെ മ്യാന്‍മർ ഭരണകൂടം കരുതിക്കൂട്ടി ബംഗ്ലാദേശ് അതിർത്തി കടത്തിയെയെന്ന് വിശ്വസനീയമായ റിപ്പോർട്ടുകൾ കാണിക്കുന്നതായി പ്രോസിക്യൂട്ടർ ഫതൂ ബെൻസൂഡാ പറഞ്ഞു. കോടതി കൃത്യമായി അന്വേഷണം നടത്തും. ആവശ്യമെങ്കിൽ വിചാരണയും നടത്തും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ബംഗ്ലാദേശ് അംഗമാണെങ്കിലും മ്യാന്‍മർ അംഗമല്ലെന്നതാണ് അന്വേഷണത്തിന് പ്രധാന തടസം.
അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറുടെ പ്രസ്താവനയെ വ്യാപകമായി സ്വാഗതം ചെയ്യപ്പെടുകയാണ്. മ്യാന്‍മർ പട്ടാളത്തിന് ഈ തീരുമാനം വ്യക്തമായ സന്ദേശമാണെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ വക്താവ് പറഞ്ഞു. റോഹിങ്ക്യകളെ കൂട്ടക്കൊല നടത്തുന്ന മ്യാന്‍മാർ ഭരണകൂടത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്ന് നേരത്തെ തന്നെ യു.എൻ മനുഷ്യവകാശ തലവനും ആവശ്യപ്പെട്ടിരുന്നു.

